അസ്താന: അസർബൈജാൻ യാത്രാവിമാനം കസാഖ്സ്താനിൽ തകർന്നു വീണു. 40 പേർ മരിച്ചതായാണ് പ്രാഥമിക കണക്കെന്ന് റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 27 പേരെ രക്ഷപ്പെടുത്തി. കസഖ്സ്താനിലെ ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോവുകയായിരുന്ന അസർബൈജാൻ എയർലൈൻസിന്‍റെ വിമാനമാണ് തകർന്നു വീണത്. വിമാനത്തിൽ അഞ്ച് ജീവനക്കാർ ഉൾപ്പെടെ 67 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കസഖ്സ്താനിലെ അക്‌തൗ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. ഗ്രോസ്നിയിലെ കനത്ത മൂടൽമഞ്ഞ് കാരണം വിമാനം വഴിതിരിച്ച് വിട്ടിരുന്നാതായാണ് വിവരം. അക്‌തൗവിന് മൂന്ന് കിലോമീറ്റർ അകലെവച്ചാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്.
അതേസമയം, പക്ഷി ഇടിച്ചതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ് നടത്താൻ തീരുമാനിച്ചതായി പ്രാഥമിക വിവരം ലഭിച്ചെന്ന് റഷ്യൻ വ്യോമയാന നിരീക്ഷണ വിഭാഗം വാർത്താകുറിപ്പിലൂടെ അറിയിച്ചു.