ന്യൂഡല്‍ഹി: പദയാത്രകള്‍ ഉള്‍പ്പെടെ 13 മാസം നീണ്ട രാഷ്ട്രീയ പ്രചാരണം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വ്യാഴാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമായ ‘നവ് സത്യാഗ്രഹ ബൈഠകി’ലാണ് തീരുമാനം. ഭരണഘടനയ്‌ക്കെതിരായ അക്രമങ്ങള്‍ക്കും വിലവര്‍ധനയ്ക്കും എതിരെയാണ് പദയാത്ര. സംഘടനാ നേതൃതലത്തില്‍ കാര്യമായ അഴിച്ചുപണി നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ വളർച്ച ലക്ഷ്യമിട്ട് അവിടെ നിന്നുള്ള നേതാക്കളെ എഐസിസി ജനറൽ സെക്രട്ടറി പദങ്ങളിലേക്ക് കൂടുതലായി പരിഗണിക്കാനും തീരുമാനമുണ്ട്.
പ്രധാനമായും രണ്ട് പ്രമേയങ്ങളാണ് കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറിമാരായ ജയറാം രമേശ്, കെ സി വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ബൂത്ത് തലം മുതല്‍ നേതൃനിരയില്‍ വരെ പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന വര്‍ഷമായിരിക്കും 2025 എന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജയറാം രമേശ്, കെ സി വേണുഗോപാല്‍, പവന്‍ ഖേര തുടങ്ങിയവര്‍ പ്രതികരിച്ചത്.
ഡിസംബര്‍ 27 മുതല്‍ ജനുവരി 26 വരെ പദയാത്രകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമ-ബ്ലോക്ക്-ജില്ലാ-സംസ്ഥാന തലത്തില്‍ റാലികള്‍ നടത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മഹാത്മാ ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തില്‍ ഏപ്രിലില്‍ എഐസിസി യോഗം ചേരാനാണ് പാര്‍ട്ടിയുടെ തീരുമാനം.