ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കൾ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും മൻമോഹൻ സിങ്ങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ‘ഗുഡ്ബൈ മൈ മിത്ര, മൈ ബായ്’ എന്നായിരുന്നു മലേഷ്യൻ പ്രസിഡന്റ് അൻവർ ഇബ്രാഹിം എക്സിൽ കുറിച്ചത്.
‘തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ ഏറ്റവും മഹത്തായ ചാമ്പ്യന്മാരിൽ ഒരാൾ’ എന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഡോ. മൻമോഹൻ സിങ്ങിനെ വിശേഷിപ്പിച്ചത്. ‘കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നമ്മുടെ രാജ്യങ്ങൾ ഒരുമിച്ച് നേടിയെടുത്ത പലതിനും ഡോ. സിങ്ങിന്റെ പ്രവർത്തനം അടിത്തറയിട്ടു. യുഎസ്-ഇന്ത്യ സിവിൽ ആണവ സഹകരണ ഉടമ്പടി മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുൻ പ്രധാനമന്ത്രിയുടെ നേതൃത്വം വലിയ പങ്കുവഹിച്ചുവെന്നും’ ബ്ലിങ്കെൻ പറഞ്ഞു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾക്കായി അദ്ദേഹം ഓർമിക്കപ്പെടുമെന്നും അമേരിക്കയെയും ഇന്ത്യയെയും കൂടുതൽ അടുപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സമർപ്പണം എപ്പോഴും ഓർക്കുമെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.