കൊച്ചി : കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. സിപിഎമ്മിന്റെ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനും, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ജനുവരി 3നു വിധിക്കും. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷം എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌്‌ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. ആകെ 24 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.
കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയ 14 പ്രതികളിൽ ഒന്നു മുതൽ 8 വരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. ഒന്നാം പ്രതി പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ, രണ്ടാം പ്രതി പീതാംബരന്റെ സഹായിയും സുഹൃത്തുമായ സി.ജെ.സജി, മൂന്നാം പ്രതി കെ.എം.സുരേഷ്, നാലാം പ്രതി കെ.അനിൽകുമാർ, അഞ്ചാം പ്രതി ജിജിൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ.അശ്വിന്‍, എട്ടാം പ്രതി സുബിൻ എന്നിവർക്കാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളത്. 10–ാം പ്രതി ടി.രഞ്ജിത്, 14–ാം പ്രതി ഉദുമ മുൻ ഏരിയ സെക്രട്ടറിയായ കെ.മണികണ്‌ഠൻ, 15 –ാം പ്രതി വിഷ്ണു സുര, 20–ാം പ്രതി ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.