തൃശൂർ : കരുവന്നൂർ ബാങ്ക് കേസിൽ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിൽ നിന്നും ആദായനികുതി വകുപ്പും മൊഴി എടുത്തു. തൃശ്ടൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. കൊച്ചിയിലെ ഇ ഡി ഓഫിസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച് ഇന്ന് ഇഡിയുടെ ചോദ്യം ചെയ്യൽ നടന്നിരുന്നു. ഈ വേളയിലാണ് ഇഡി ഓഫീസിലെത്തി ആദായ നികുതി വകുപ്പും വിവരങ്ങൾ ശേഖരിച്ചത്. സിപിഎം പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാൽകൃത ബാങ്കിൽ ഐ ടി വിഭാഗം ഇന്ന് പരിശോധന നടത്തിയിരുന്നു.
ഇതിന്‍റെ തുടർച്ചയായാണ് എം എം വർഗീസിന്റെ മൊഴി എടുത്തത്. രാത്രി 10.30ഓടെയാണ് എംഎം വർഗീസിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായത്. സിപിഎമ്മിന്‍റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ആയിരുന്നു മൊഴിയെടുത്തത്. രഹസ്യ അക്കൗണ്ട് ഇല്ലെന്ന കാര്യം എംഎം വർഗീസ് ആവര്‍ത്തിച്ചു. തന്‍റെ ഫോണ്‍ ഇഡി കസ്റ്റഡിയിലെടുത്തുവെന്ന് എംഎം വര്‍ഗീസ് പറഞ്ഞു. അതേസമയം, ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചില്ല. എം എം വർഗീസിന്‍റെ ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചയും തുടരും. ഇതിനിടെ, രാത്രി വൈകി സി.പി.എമ്മിന്‍റെ അക്കൗണ്ടുകൾ ആദായനികുതി ഉദ്യോഗസ്ഥർ തൃശൂരിൽ എത്തി പരിശോധിച്ചു. രാത്രി വൈകി ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ശാഖയിലെത്തിയാണ് പരിശോധന . സി.പി.എം ഓഫീസ് സെക്രട്ടറിയെ ബാങ്കിലേയ്ക്ക് വിളിച്ചു വരുത്തി.