സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചുണ്ടായ വന്‍ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ രാജ്യത്തിന്റെ ഹൃദയംഗമമായ അനുശോചനമറിയിക്കുന്നുവെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അമിത് കുമാര്‍ അറിയിച്ചു.
”മുവാന്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് സംഭവിച്ച വിമാനാപകട ദുരന്തത്തില്‍ അതീവ ദുഃഖമുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് രാജ്യത്തിന്റെ ഹൃദയംഗമമായ അനുശോചനമറിയിക്കുന്നു. റിപ്പബ്ലിക് ഓഫ് കൊറിയയിലെ ജനങ്ങള്‍ക്കും സര്‍ക്കാറിനും ഇന്ത്യന്‍ എംബസി ഐക്യദാര്‍ഢ്യമറിയിക്കുന്നു” – സോളില്‍ നിന്നും അമിത് കുമാര്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടുപേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 9.07-ഓടെയായിരുന്നു അപകടം. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടമാകാന്‍ സാധ്യതയുള്ള അപകടമാണിത്.
തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു.
ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി നിരങ്ങി നീങ്ങിയ വിമാനം സുരക്ഷാ മതിലില്‍ ഇടിച്ച് കത്തിച്ചാമ്പലാകുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും കാണാം. അപകടത്തിനു പിന്നാലെ മുവാന്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.