Saturday, January 4, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമൻമോഹൻ സിങ്ങിന്‍റെ ചിതാഭസ്മ നിമജ്ജനത്തിൽ പങ്കെടുക്കാത്തത് കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ച് :കോൺഗ്രസ്

മൻമോഹൻ സിങ്ങിന്‍റെ ചിതാഭസ്മ നിമജ്ജനത്തിൽ പങ്കെടുക്കാത്തത് കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ച് :കോൺഗ്രസ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ ചിതാഭസ്മ നിമജ്ജന ചടങ്ങിൽ നേതാക്കൾ പങ്കെടുക്കാത്തതിനെ വിമർശിച്ച ബി.ജെ.പിക്ക് മറുപടിയുമായി കോൺഗ്രസ്. മൻമോഹൻ സിങ്ങിന്‍റെ കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് ചിതാഭസ്മ നിമജ്ജന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം ചെയർമാൻ പവൻ ഖേര വ്യക്തമാക്കി.രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്ങിന് അർഹമായ ബഹുമാനം നൽകാതെ അപമാനിച്ചവർ, അദ്ദേഹത്തിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിൽ പോലും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് പവൻ ഖേര കുറ്റപ്പെടുത്തി.

പ്രിയ നേതാവിന്‍റെ സംസ്‌കാരത്തിന് ശേഷം സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുടുംബത്തെ വസതിയിലെത്തി കണ്ടിരുന്നു. ശവസംസ്കാര സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും കുടുംബാംഗങ്ങളിൽ ചിലർക്ക് ചിത ഒരുക്കിയ സ്ഥലത്തെത്താൻ കഴിഞ്ഞില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.അതിനാൽ, ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കുന്നതാണ് ഉചിതമെന്ന് തോന്നി. അടുത്ത കുടുംബാംഗങ്ങൾക്ക് ഏറെ വൈകാരികവും വേദനാജനകവും ബുദ്ധിമുട്ടുള്ളതുമായ സമയമാണിതെന്നും പവൻ ഖേര വാർത്താകുറിപ്പിൽ വ്യക്തമാക്കി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ചിതാഭസ്മം ഞായറാഴ്ച രാവിലെ നിഗംബോധ് ഘട്ടിൽ നിന്ന് ശേഖരിച്ച കുടുംബാംഗങ്ങൾ സിഖ് ആചാരപ്രകാരം യമുന നദിയിലാണ് നിമജ്ജനം ചെയ്തത്. ഭാര്യ ഗുർശരൺ കൗറും മക്കളായ ഉപീന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ് എന്നിവരും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.സിഖ് ആചാരങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് ഔദ്യോഗിക വസതിയിൽ കുടുംബം ‘അഖണ്ഡ് പാത’ നടത്തും. ജനുവരി മൂന്നിന് റക്കാബ് ഗഞ്ച് ഗുരുദ്വാരയിൽ ചില മരണാനന്തര ചടങ്ങുകൾ കൂടി സംഘടിപ്പിക്കും. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡിസംബർ 26ന് ഡൽഹി എയിംസിൽവെച്ചാണ് മൻമോഹൻ സിങ് മരിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com