തിരുവനന്തപുരം: കേരളത്തിന്റെ മതേതര പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിയും സിപിഎമ്മും നടത്തുന്ന സംഘടിത നീക്കത്തിന്റെ തെളിവാണ് സിപിഎം പി.ബി അംഗം എ.വിജയരാഘവന്റെ പ്രസ്താവന ഏറ്റുപിടിച്ച് ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെ നടത്തിയ വിദ്വേഷ പ്രസംഗമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികളാണെന്നും കേരളം മിനി പാകിസ്ഥാനാണെന്നും പ്രസംഗിക്കാൻ നിതേഷ് റാണെയ്ക്ക് അവസരം ഉണ്ടാക്കിയത് കേരളത്തിലെ സിപിഎമ്മാണ്. റാണയുടെ പ്രസ്താവന പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. കേരളത്തെയും കാലങ്ങളായി നാം കാത്തു സൂക്ഷിക്കുന്ന നമ്മുടെ മതേതര ബോധ്യങ്ങളെയുമാണ് നിതേഷ് റാണെ അപമാനിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ ആ വർഗീയവാദിക്കെതിരെ കേസെടുക്കാനുള്ള ആർജ്ജവമെങ്കിലും പിണറായി കാണിക്കണം.
ഒരു സംസ്ഥാനത്തെയാകെ അവഹേളിച്ച നിതേഷ് റാണെയ്ക്ക് എതിരെ നടപടി എടുക്കുവാനും പരാമർശം പിൻവലിപ്പിക്കുവാനും ദേശിയ നേതൃത്വത്തോട് ആവശ്യപ്പെടാൻ കേരളത്തിലെ ബിജെപി നേതാക്കളെ ഞാൻ വെല്ലുവിളിക്കുന്നു.
വര്‍ഗീയ പ്രചരണം ബിജെപിക്കും അതിന്റെ നേതാക്കൾക്കും പുതുമയുള്ള കാര്യമല്ല എന്നിരുന്നാലും എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശത്തെ തള്ളിപ്പറയാതെ പ്രോത്സാഹിപ്പിച്ച സിപിഎം നിലപാടാണ് റാണെയ്ക്ക് കേരളത്തെ അധിക്ഷേപിക്കാന്‍ പ്രചോദനമായത്. വെറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുടരുന്ന ബിജെപിക്കും സിപിഎമ്മിനും വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ തുല്യ സ്ഥാനമാണ് അതിനാലാണ് വിജയരാഘവന്റെ പ്രസ്താവനയെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത്.
വർഗീയത പ്രചരിപ്പിച്ച് സംഘപരിവാര്‍ അജണ്ടകൾ നടപ്പിലാക്കി കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം കുറച്ചു നാളുകളായി പരിശ്രമിക്കുന്നത്. വര്‍ഗീതയുടെ വിത്ത് പാകാനായി സംഘപരിവാറിന് കേരളത്തിൽ മണ്ണൊരുക്കുന്ന കരാറിൽ നിന്ന് സിപിഎം പിന്മാറണം. ബിജെപിയുടെയും സംഘപരിവാര്‍ ശക്തികളുടെയും വർഗീയ വിഷവിത്ത് കേരളത്തിന്റെ മതേതര ഭൂമികയില്‍ വളരാൻ ഞങ്ങൾ അനുവദിക്കില്ല. മതസ്പര്‍ദ്ധ വളര്‍ത്തി കേരളത്തെ കലാപഭൂമിയാക്കാനുള്ള ബിജെപിയുടെയും സിപിഎമ്മിന്റെയും ശ്രമങ്ങളെ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.