തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരിയിൽ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ആഞ്ഞടിച്ചത്.സനാതന ധർമത്തിന്റെ വക്താവായിരുന്നില്ല ഗുരുവെന്നും എന്നാൽ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ഗുരുവിനെ മാറ്റാൻ ചിലർ ശ്രമിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞുതുടങ്ങിയത്. അത്തരമൊരു മനുഷ്യനെ സനാതനധർമത്തിന്റെ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നതുതന്നെ ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ് എന്നും സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി വിമർശിച്ചു.
തന്റെ പ്രസംഗത്തിൽ സച്ചിദാനന്ദ സ്വാമികളെയും മുഖ്യമന്ത്രി പരാമർശിച്ചു. സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണം സാമൂഹ്യ പ്രാധാന്യം ഉള്ളവയാണ്. ആരാധനാലങ്ങളിൽ മേൽവസ്ത്രം അഴിക്കണമെന്ന നിബന്ധനയുണ്ട്. ഇതിൽ കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ ഇടപെടലാണ് ഇതെന്നും കാലാനുസൃതമായ മാറ്റം വേണമെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വാക്യത്തെയും മുഖ്യമന്ത്രി വിമർശിച്ചു. അതിന് മുമ്പുള്ള വാക്കുകൾ ശ്രദ്ധിക്കണമെന്നുംപശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ് ആ വാക്കുകൾ എന്നും അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർത്ഥമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.മുൻ കേന്ദ്രമന്ത്രി വി മുരളീധരനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. ഗുരു ഒരു ജാതിയിലും മതത്തിലും ഉൾപ്പെടാത്ത സാമൂഹ്യ പരിഷ്‌കർത്താവാണ്. എന്നിട്ടും ഗുരുവിനെ മതാചാര്യൻ എന്ന് പറയുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്.ഗുരുവിനെ വ്യാഖ്യാനിക്കാൻ വ്യാഖ്യാതാക്കളായി നടിച്ച് പുതിയ ഭാഷ്യവുമായി ആരും വരേണ്ടതില്ല എന്നും അങ്ങനെ വന്നാൽ അവരെ ചെറുത്തു തോൽപ്പിക്കണം എന്നും മുഖ്യമന്ത്രി വിമർശിച്ചു.എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. സനാതന ധർമ പ്രകാരം ഏതിലും എന്തിലും ദൈവം ഉണ്ട് എന്നും അതിനാൽ ശ്രീ നാരായണഗുരുവിനെ ദൈവമായി കാണാം എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഗുരുവിനെ ദൈവമായി കാണുന്നതിനെ വിമർശിക്കുന്നത് കാണാം എന്നും അങ്ങനെ ഉള്ളവർ വിമർശിക്കട്ടെ എന്നും മുഖ്യമന്ത്രിയെ ഉന്നമിട്ട് വെള്ളാപ്പള്ളി പറഞ്ഞു.