പാലക്കാട്: സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് പി.കെ ശശിയുടെ പുതുവത്സരാശംസകൾ. സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ശശിയെ പാർട്ടി പദവികളിൽനിന്ന് നീക്കിയിരുന്നു. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. തനിക്കെതിരായ നടപടികൾക്ക് പിന്നിൽ പാർട്ടിയിലെ ചിലർ തന്നെയാണെന്ന് പരോക്ഷ വിമർശനമാണ് ശശി ഉയർത്തുന്നത്.
”2024 – പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളിൽ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയർപ്പുകൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം. ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും” – ശശി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.