തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ തിരുവനന്തപുരത്തെത്തി. വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വച്ചാണ് നിയുക്ത ഗവർണർക്ക് കേരള സർക്കാർ സ്വീകരണം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, മറ്റ് മന്ത്രിമാർ, സർക്കാർ പ്രതിനിധികൾ, ജില്ലാ കളക്ടർ, മേയർ, സ്പീക്കർ തുടങ്ങിയവർ ചേർന്ന് പുതിയ ഗവർണറെ സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് രാജ്ഭവനിലാണ് പുതിയ ഗവർണറുടെ സത്യപ്രതിജ്ഞ നടക്കുക.
ബിഹാർ ഗവർണറായിരുന്ന ആർലെകറിന് കേരളത്തിന്റെ ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ചയായിരുന്നു രാഷ്‌ട്രപതി ഭവൻ പുറപ്പെടുവിച്ചത്. കേരളത്തിന്റെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന് ബിഹാറിന്റെ ചുമതലയും നൽകി. കഴിഞ്ഞ ദിവസമായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ചുമതലയൊഴിഞ്ഞ് മടങ്ങിയത്. എന്നാൽ സർക്കാർ പ്രതിനിധികളാരും തന്നെ ഗവർണറെ നേരിൽ ചെന്നുകാണുകയോ ആശംസകൾ അറിയിക്കുകയോ ചെയ്യാൻ തയ്യാറാകാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.