ന്യൂഡല്‍ഹി: തന്റെ രാജ്യത്തിന് ആരും സമാധാനം സമ്മാനിക്കില്ലെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ചൊവ്വാഴ്ച പറഞ്ഞു, എന്നാല്‍ റഷ്യയുടെ 34 മാസത്തെ അധിനിവേശം തടയാന്‍ പോരാടുമ്പോള്‍ അമേരിക്ക കൈവിനൊപ്പം നില്‍ക്കുമെന്ന വിശ്വസവും അദ്ദേഹം പങ്കുവെച്ചു. പുതുവത്സര ആശംസകള്‍ നേര്‍ന്ന 21 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സെലെന്‍സ്‌കി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
”സമാധാനം ഞങ്ങള്‍ക്ക് ഒരു സമ്മാനമായി ആരും നല്‍കില്ലെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ റഷ്യയെ തടയാനും യുദ്ധം അവസാനിപ്പിക്കാനും ഞങ്ങള്‍ ശ്രമിക്കും. ഞങ്ങള്‍ ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണത്. ശക്തനായ ഒരു യുക്രെയ്നിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂ” – അദ്ദേഹം പറഞ്ഞു. ”പുടിന്റെ ആക്രമണം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും പുതിയ അമേരിക്കന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നുവെന്നും അതിന് കഴിയുമെന്നതിനും എനിക്ക് സംശയമില്ല,” സെലെന്‍സ്‌കി പറഞ്ഞു.
സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, എന്നിങ്ങനെ അമേരിക്കയില്‍ തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവരുമായും നടത്തിയ സംഭാഷണങ്ങളെ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു സെലെന്‍സ്‌കി പ്രസംഗിച്ചത്. അമേരിക്കയ്ക്കൊപ്പം, റഷ്യയെ നീതിയുക്തമായ സമാധാനത്തിലേക്ക് പ്രേരിപ്പിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ടെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുദ്ധത്തിലോ ചര്‍ച്ചകളിലോ റഷ്യയെ വിശ്വസിക്കേണ്ടതില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.