വാഷിങ്ടൺ: എച്ച്-1 ബി വിസയിൽ നിലപാട് മയപ്പെടുത്തി ട്രംപ് ഭരണകൂടത്തിലെ പ്രധാനിയും കാര്യക്ഷമതാ വിഭാഗം സംഘത്തിലെ പ്രധാനിയുമായ ഇലോൺ മസ്ക്. വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിൽ തേടി യു.എസിൽ കുടിയേറുന്നവർ ആശ്രയിക്കുന്ന പ്രധാന വിസയാണ് എച്ച്-1. അമേരിക്കയുടെ വളർച്ചക്കും വികസനത്തിനും വിദേശതൊഴിലാളികൾ തീർച്ചയായും രാജ്യത്ത് അനിവാര്യമായതിനാൽ എച്ച്-1ബി വിസ ചട്ടങ്ങളിൽ കാര്യമായ ഭേദഗതി വരുത്തുമെന്നും മസ്ക് വ്യക്തമാക്കി.
ട്രംപ് ഭരണകൂടത്തിൽ സർക്കാർ കാര്യക്ഷമത വകുപ്പിന് രൂപം നൽകി മസ്കിനു പുറമെ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെയും അംഗമാക്കിയിരുന്നു. ‘സ്പേസ് എക്സ്, ടെസ്‍ല, അമേരിക്കയെ ശക്തിപ്പെടുത്തിയ മറ്റു നൂറുകണക്കിന് കമ്പനികൾ എന്നിവയെല്ലാം വിദേശ തൊഴിലാളികളുടെ പ്രയത്നത്താലാണ് ഇത്രയും വളർന്നതെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ വിദേശ ജോലിക്കാരെ നിയമിക്കാൻ യു.എസ് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച്-1ബി വിസ. ഇന്ത്യ, ചൈന രാജ്യങ്ങളിൽനിന്ന് ഓരോ വർഷവും ലക്ഷങ്ങളാണ് ഈ വിസയിൽ യു.എസിലെത്തുന്നത്. അമേരിക്കൻ പൗരന്മാർക്ക് അവസരം നിഷേധിക്കുന്നുവെന്നു പറഞ്ഞ് റിപ്പബ്ലിക്കൻ കക്ഷിയിലടക്കം നിരവധി പേർ ഈ വിസക്കെതിരെ രംഗത്തുണ്ട്.