ബെയ്‍ജിങ്: ചൈനയില്‍ ആശങ്ക പടര്‍ത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസ് ബാധയും ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രികളും ശ്മശാനങ്ങളും നിറയുകയാണ്. അതേസമയം ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല. ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിട്ടുണ്ട്. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ സ്ഥലമോ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” പോസ്റ്റില്‍ പറയുന്നു.