ബീജിങ്: ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട് ഒടുവിൽ പ്രതികരണവുമായി ചൈന. പ്രചരിക്കുന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും തണുപ്പുകാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് അറിയിച്ചു.
ശ്വാസകോശ അണുബാധ വലിയ അളവിൽ വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകമാധ്യമങ്ങളിലടക്കം ചൈനയിലെ ആശുപത്രികളുടെ ദൃശ്യങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടെയാണ് ചൈനയുടെ പ്രസ്താവന.
അതേസമയം, കൊവിഡ് മഹാമാരിക്ക് സമാനമായി എച്ച്എംപിവി മാറുമോ എന്ന ആശങ്കയിലാണ് ലോകം. എന്നാൽ ഇത് വർഷാവർഷം തണുപ്പുകാലത്ത് പടരുന്ന ശ്വാസകോശ അണുബാധ മാത്രമാണെന്ന വിശദീകരണമാണ് ചൈന നൽകുന്നത്. രോഗത്തിൻ്റെ തീവ്രത കുറവാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് ചെറിയ തോതിലാണ് പടരുന്നതെന്നും ചൈന വ്യക്തമാക്കി. വിദേശികൾക്ക് ചൈനയിലേക്കുള്ള യാത്ര സുരക്ഷിതമാണ്.
രാജ്യത്തെ പൗരൻമാരെടെയും ചൈനയിലേക്കെത്തുന്ന വിദേശികളുടെയും ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ടെന്ന ഉറപ്പും ചൈനീസ് സർക്കാർ നൽകി. എച്ച്എംപിവി വ്യാപനത്തിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ നിർദേശം.