കോഴിക്കോട്: പി.വി അൻവറിന്റെ അറസ്റ്റിൽ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. അൻവറിൻ്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
‘വന നിയമ പ്രശ്നവുമായി ബന്ധപ്പെട്ട് പി.വി അൻവറിനെ രാത്രി വീടു വളഞ്ഞ് അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഭരണകൂട ഭീകരതയാണ്. അദ്ദേഹം ഒരു എംഎൽഎ ആണ്. അദ്ദേഹത്തിന്റെ വീട് വളഞ്ഞ് രാത്രിയിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ല. അദ്ദേഹം എങ്ങോട്ടും ഒളിച്ചു പോകാൻ പോകുന്നില്ല. പൊതുമുതൽ നശിപ്പിച്ചു എന്ന കേസ് രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ തക്കവണ്ണമുള്ള ഒരു വലിയ പ്രശ്നമല്ല. ഇത് മുൻകാലങ്ങളിൽ നടന്ന രാഷ്ട്രീയ പ്രശ്നങ്ങളുടെ തുടർച്ചയായി സർക്കാർ ഭരണകൂട ഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം കാണിക്കുന്ന സംഭവമാണ്. ഇത് കേരള പൊലീസിന്റെ ചരിത്രത്തിൽ ഒരു കളങ്കമായി കിടക്കും. ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു രമേശ് ചെന്നിത്തല പറഞ്ഞു.