കോലാലംപൂർ: ചൈനയ്ക്ക് പിന്നാലെ മലേഷ്യയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) കേസുകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ‘സ്ട്രെയിറ്റ് ടൈംസ്’ എന്ന മാധ്യമത്തിന്‍റെ റിപ്പോർട്ട് പ്രകാരം മലേഷ്യയിൽ എച്ച്എംപി കേസുകളിൽ ഗണ്യമായ വർധനയുണ്ടായി. 2024ൽ 327 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2023ൽ ഇത് 225 ആയിരുന്നു. 45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വ്യാപനത്തെക്കുറിച്ച് മലേഷ്യൻ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എച്ച്എംപിവിയുടെ വ്യാപനം തടയുക. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുക, മാസ്ക്, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക എന്നിങ്ങനെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ശ്വാസകോശ സംബന്ധമായ അണുബാധകൾ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.