ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ. ഹസീനയുടെ മുൻ പ്രതിരോധ ഉപദേഷ്ടാവ് താരീഖ് അഹ്മദ് സിദ്ദീഖ്, മുൻ ഐ.ജി.പി ബേനസീർ അഹ്മദ് എന്നിവരടക്കം 10 പേർക്കും അറസ്റ്റ് വാറന്റുണ്ട്. ബംഗ്ലാദേശിലെ നിയമവിരുദ്ധ കൊലപാതകങ്ങളും രാജ്യത്ത് നിന്ന് മാറിനിൽക്കുന്നതിനുമാണ് ഇവർക്കെതിരെ അറസ്റ്റ് വാറന്റ്.
ഈ 11 പേർക്കെതിരെയും ഒക്ടോബറിലെ അറസ്റ്റ് വാറന്റ് നിലനിൽക്കെയാണ്, ജസ്റ്റിസ് മുഹമ്മദ് ഗുലാം മൊർത്തുസ മജുംദാറിന്റെ അധ്യക്ഷതയിലുള്ള ട്രൈബ്യൂണൽ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 12നകം ശൈഖ് ഹസീനയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവ്. കഴിഞ്ഞ ഒക്ടോബറിൽ ഹസീനയടക്കും 46 പേർക്കെതിരെ ട്രൈബ്യൂണൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തോടനുബന്ധിച്ച് നടന്ന കുറ്റകൃത്യങ്ങൾ മുൻനിർത്തിയായിരുന്നു ഇത്. ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച സംഘർഷത്തിൽ 230 ലേറെ ആളുകൾ കൊല്ലപ്പെട്ടിരുന്നു.
ബംഗ്ലാദേശിന്‍റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വോട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കലാപമായി മാറിയത്. സുപ്രീംകോടതി ഇടപെട്ട് സംവരണ ക്വോട്ട റദ്ദാക്കിയെങ്കിലും തുടർചർച്ചക്കുള്ള ശൈഖ് ഹസീനയുടെ ക്ഷണം പ്രതിഷേധക്കാർ നിരാകരിക്കുകയും സർക്കാറിന്‍റെ രാജിക്കായി ഒന്നിച്ച് രംഗത്തിറങ്ങുകയുമായിരുന്നു.