Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചെന്നൈയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

ചെന്നൈയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

തമിഴ്നാട്: ബെം​ഗളൂരു, ​ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെ ചെന്നൈയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. തേനംപെട്ട്, ​ഗിണ്ടി എന്നിവിടങ്ങളിൽ 2 കുട്ടികൾക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ആറ് എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്തു. ബെംഗളുരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു.

യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്. 

ജനുവരി 3-നാണ് ഇതേ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. ഈ കുഞ്ഞിനും ബ്രോങ്കോന്യുമോണിയയുണ്ടായിരുന്നു. ചെന്നൈയിലെ ഗിണ്ടി, തേനാംപേട്ട് എന്നിവിടങ്ങളിൽ ചികിത്സ തേടിയ രണ്ട് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊൽക്കത്തയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഈ രോഗബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ നവംബറിലാണ്. അഹമ്മദാബാദിലെ ചാന്ദ് ഖേഡയിൽ ഈ രോഗബാധ കണ്ടെത്തിയിരിക്കുന്നതും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനാണ്. 

2001-ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. കൊവിഡ് 19 പോലെ പുതിയ വൈറസല്ല എച്ച്എംപിവി. നമ്മുടെ രാജ്യത്ത് പലർക്കും ഈ രോഗബാധ വന്ന് പോയിരിക്കാം. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. 

എന്നാൽ ചൈനയിൽ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്. ചൈനയിലെ രോഗബാധയുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങൾക്കും നൽകുന്നുണ്ട്. അതിനാൽ സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു. ശ്വാസകോശസംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വലിയ ക്ലസ്റ്ററുകളായുള്ള വർദ്ധന ഇത്തരം രോഗങ്ങളിൽ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com