ന്യൂഡൽഹി : എച്ച്എംപിവി പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം. എച്ച്എംപി വൈറസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന സന്ദേശങ്ങൾ വ്യാപകമായതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുടെ പ്രതികരണം.
‘‘എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. 2001ലാണ് വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അന്നുമുതൽ ഇത് ലോകത്തെ പലരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് രോഗം പ്രധാനമായും കണ്ടുവരുന്നത്.
ഐസിഎംആറും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും ചൈനയിലെ വൈറസ് ബാധയുടെയും മറ്റ് അയൽ രാജ്യങ്ങളിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇതേക്കുറിച്ച് ലോകോരോഗ്യ സംഘടന ഉടൻ തന്നെ റിപ്പോർട്ട് പുറത്തിറക്കും.’’–വിഡിയോ സന്ദേശത്തിൽ നഡ്ഡ പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ 6 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.