ബെംഗളൂരു: ഇന്ത്യയിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ വൻ രീതിയിൽ നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. മൈക്രോസോഫ്റ്റ് ഇന്ത്യയിൽ 3 ബില്യൺ യുഎസ് ഡോളർ (25,700 കോടി രൂപ) നിക്ഷേപിക്കും. 2030-ഓടെ ഇന്ത്യയിൽ 10 ദശലക്ഷം പേരെ നിർമിത ബുദ്ധി നൈപുണ്യത്തിൽ പരിശീലിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻവിഡിയ ചീഫ് ജെൻസൻ ഹുവാങ്, എഎംഡിയുടെ ലിയ സു, മെറ്റാ ചീഫ് എഐ ശാസ്ത്രജ്ഞൻ യാൻ ലെകൺ എന്നിവർ ഇന്ത്യ സന്ദർശിച്ചിരുന്നു. പിന്നാലെയാണ് സത്യ നദെല്ലയും ഇന്ത്യയിൽ സന്ദർശനത്തിനെത്തിയത്. എന്നാൽ, നിക്ഷേപത്തിന്റെ സമയപരിധി എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഇന്ത്യയിലെ മൈക്രോസോഫ്റ്റിന്റെ വളർച്ചയിൽ സന്തോഷമുണ്ടെന്നും പ്രാദേശികമായി വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ, 2025-ഓടെ രാജ്യത്തെ 2 ദശലക്ഷം ആളുകൾക്ക് എഐ നൈപുണ്യ അവസരങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.



