പാനൂർ ബോംബ് സ്ഫോടനം മലബാർ ജില്ലകളിലടക്കം പ്രചാരണ വിഷയമാക്കാൻ യു.ഡി.എഫ്. വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ പാനൂരിൽ സമാധാന സന്ദേശ യാത്ര നടത്തിയാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത്.പാനൂരിലെ ബോംബ് നിർമാണക്കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സി.പി.എമ്മിനെ സംരക്ഷിച്ച് ഇന്ന് രംഗത്തു വരുകയും ചെയ്തു.
പാനൂർ ഉൾപ്പെടുന്ന വടകര ലോക്സഭ മണ്ഡലത്തിൽ മാത്രമല്ല ബോംബ് സ്ഫോടനം യു.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നത്. അക്രമ രാഷ്ട്രീയത്തിന് എതിരെ ജനം വിധി എഴുതുമെന്ന സന്ദേശം നൽകാൻ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവും അതിലെ രാഷ്ട്രീയവും നേതാക്കൾ ഇന്നും ആവർത്തിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ മുതൽ ബസ് സ്റ്റാന്‍റ് വരെ സമാധാന സന്ദേശ യാത്ര നടത്തിയ ഷാഫി പറമ്പിലും കെ.കെ.രമയും സി.പി.എമ്മിനെ കടന്നാക്രമിച്ചു.
പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ സിപിഎം തന്നെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. പാനൂര്‍ സംഭവത്തെ സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കരുതെന്നായിരുന്നു കെ.സി.വേണുഗോപാൽ പ്രതികരിച്ചത്. പാനൂർ സ്ഫോടനത്തിൽ സി.പി.എമ്മിനെ കോൺഗ്രസ് പ്രതിരോധത്തിലാക്കുമ്പോൾ മുഖ്യമന്ത്രി തന്നെ ഇന്ന് സംരക്ഷണം ഏറ്റെടുത്തു.
ബോംബ് നിര്‍മിച്ചവര്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചവരെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവർത്തിച്ചു.എന്നാല്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ആരെയും അറിയില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയും മനോരമ ന്യൂസ് വോട്ടുവണ്ടിയോടു പറഞ്ഞു
പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷിനെയും സി.പി.എം നേരത്തെ ഒഴിവാക്കിയതാണെന്ന് ഇന്നലെ പറഞ്ഞ നേതാക്കൾക്ക് ഇന്ന് അറസ്റ്റിലായ അതുലിൻ്റെയും അരുണിന്‍റെ ഷിബിൻ ലാലിന്‍റെയും അറസ്റ്റും തലവേദനയാണ്