കൊച്ചി: ലൈംഗികാധിക്ഷേപക്കേസില്‍ ജയിലിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയ മജിസ്ട്രേറ്റ് കോടതി ബോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോഗ്യ കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക. ബോബിക്കായി ബി. രാമന്‍പിള്ള കോടതിയില്‍ ഹാജരാകും.
ഇന്നലെ ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിക്കൂറോളം വാദം കേട്ടം ശേഷം വൈകീട്ടാണ് ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷയിൽ എറണാകുളം സിജെഎം കോടതി വിധി പറഞ്ഞത്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവർത്തിച്ചെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അംഗീകരിക്കരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയാണെന്ന് കോടതി അറിയിച്ചു. വിധി കേട്ട് പ്രതിക്കൂട്ടിൽ തലകറങ്ങി വീണ ബോബി ചെമ്മണൂരിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് കാക്കനാട് ജില്ലാ ജയിലെത്തിച്ചത്.