ന്യുയോർക്ക്: ആഗോള തലത്തിൽ വലിയ ആശങ്കയായി മാറിയ എച്ച് എം പി വി വൈറസുമായി (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചതിൽ അസ്വാഭാവിക രോഗപകർച്ച ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പ്രതിനിധി മാർഗരറ്റ് ഹാരിസ് വ്യക്തമാക്കിയത്. വൈറസ് പുതിയതല്ലെന്നും ലോകാരോഗ്യ സംഘടന ആവർത്തിച്ചു. ചൈനയിലെ രോഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടന പ്രതിനിധി വിവരിച്ചത്
യൂറോപ്പ്, അമേരിക്ക, വെസ്റ്റ് ഇൻഡീസ്, വെസ്‌റ്റേൺ ആഫ്രിക്ക, മിഡിൽ ആഫ്രിക്ക എന്നിവിടങ്ങളിലും ചില ഏഷ്യൻ രാജ്യങ്ങളിലും ഇൻഫ്ലുവൻസ വർധിക്കുന്നതായും ഡബ്ല്യു എച്ച് ഒ ചൂണ്ടിക്കാട്ടി. ശൈത്യത്തിൽ ശ്വാസകോശ രോഗങ്ങൾ വർധിക്കുന്ന രാജ്യങ്ങളിൽ മുൻനിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.
അതേസമയം എച്ച് എം പി വി വൈറസ് കേസുകൾ പലിയിടങ്ങളിലായി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും ആശുപത്രികളിൽ പ്രത്യേക ഐ സി യു വാർഡുകളടക്കം സജ്ജമാക്കിയിട്ടുണ്ട്. മുൻകരുതലായി നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. മുംബൈയിൽ അടക്കം പുതിയ എച്ച് എം പി വി കേസുകൾ സ്വകാര്യ ലാബുകളിൽ സ്ഥിരീകരിച്ചെന്ന് റിപോർട്ടുകളുണ്ടെങ്കിലും ഇതിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.