ലോകജേതാക്കളായ ലയണൽ മെസ്സിയുടെ അർജന്റീനൻ ടീം ഈ വർഷം ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബര്‍ 25 മുതൽ നവംബര്‍ രണ്ട് വരെ മെസ്സിയും സംഘവും കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാനാണ് അറിയിച്ചത്. രണ്ട് സൗഹൃദ മത്സരമാണ് അർജന്റീനൻ ടീം കേരളത്തില്‍ കളിക്കുക. കൂടാതെ ആരാധകരുമായി സംവദിക്കാന്‍ പൊതു വേദിയും ഒരുക്കും. 20 മിനിറ്റ് ആരാധകരുമായി ആശയവിനിമയം നടത്താമെന്ന് മെസ്സി സമ്മതിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.
മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് സ്ഥിരീകരിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തും. മത്സര വേദിയായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് പ്രധാനമായി പരിഗണിക്കുന്നത്. ലോകചാംപ്യന്മാരുടെ എതിരാളികൾ ആരാകുമെന്ന് പിന്നീടാണ് പ്രഖ്യാപിക്കുക.
മലപ്പുറം മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കിയാണ് കലൂർ സ്റ്റേഡിയത്തിൽ മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മഞ്ചേരി സ്റ്റേഡിയത്തിന് 20,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുകയുള്ളുവെന്നതാണ് ഇതിന് കാരണം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍റെയും പ്രതിനിധികള്‍ക്കൊപ്പം ഫിഫയുടെയും ഉദ്യോഗസ്ഥര്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ കേരളത്തിലെത്തും. ഇതിന് ശേഷമാവും എതിരാളികളെയും മത്സര തിയതിയും പ്രഖ്യാപിക്കുക.