കൊല്ലം : വേള്‍ഡ് മലയാളി ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്‍, ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എന്നിവയുമായി ചേര്‍ന്ന് ലോകകേരളം സൗഹൃദകേരളം മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 10.30 മുതല്‍ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് സൗഹൃദസംഗമം, ആദരവ്, സ്‌നേഹവിരുന്ന്, കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറും.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗാന്ധിഭവന്‍ സ്ഥാപകന്‍ പുനലൂര്‍ സോമരാജന് കര്‍മ്മശ്രേഷ്ഠാ പുരസ്‌കാരം സമ്മാനിക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ബാബു സ്റ്റീഫന്‍, തോമസ് മൊട്ടയ്ക്കല്‍, കണ്ണാട്ട് സുരേന്ദ്രന്‍, സുകേഷ് ഗോവിന്ദന്‍, ഷിനു മാത്യൂസ്, റഫീഖ് പി. കയനായില്‍, ആര്‍. വിജയന്‍ തുടങ്ങിയവരെ ആദരിക്കും.
ചടങ്ങില്‍ സാംസ്‌കാരിക, സാമൂഹിക ജീവകാരുണ്യ മേഖലയിലെ പ്രശസ്തര്‍ പങ്കെടുക്കുമെന്ന് വേള്‍ഡ് മലയാളി ബിസിനസ് കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണല്‍ ഡയറക്ടര്‍ ഷാജി മാത്യു എന്നിവര്‍ അറിയിച്ചു.