പത്തനംതിട്ടയിൽ കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘം. ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചുവെന്ന വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെയാണ് നീക്കം.
പത്തനംതിട്ട എസ്പിയും ഡിവൈഎസ്പിയും സംഘത്തിലുണ്ട്. വിവിധ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ ഉൾപ്പെടെ 25 ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. അഞ്ച് വർഷത്തിനിടെ പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും പരിശീലകരും ഉൾപ്പെടെ 62 പേർ പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിലെ കൗൺസിലിങ്ങിലാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പ്രായപൂർത്തിയാകുന്നതിന് മുൻപായിരുന്നു പീഡനം നടന്നത്. നിലവിൽ പത്തനംതിട്ട ജില്ലയിലെ ആറ് സ്റ്റേഷനുകളിലായിട്ടാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇലവുംതിട്ട സ്‌റ്റേഷനിൽ മാത്രം 12 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ആറ് പേർ അറസ്റ്റിലായിട്ടുമുണ്ട്. പത്തനംതിട്ട, മലയാലപ്പുഴ, കോന്നി, റാന്നി, ആറൻമുള സ്‌റ്റേഷനുകളിലാണ് ബാക്കി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 26 പേരാണ് ഇതുവരെ അറസ്റ്റിലായത്.
പീഡിനത്തിനിരയാക്കിയവർ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്ന പിതാവിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ 32 പേരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.