ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലും മുതിർന്ന നേതാവ് ജി സുധാകരൻ പങ്കെടുത്തില്ല. സമാപന സമ്മേളനത്തിൽ ക്ഷണിച്ചിരുന്നെങ്കിലും സുധാകരൻ വിട്ടുനിന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്ത പൊതുസമ്മേളനത്തിൽ നിന്നാണ് സുധാകരൻ വിട്ടു നിന്നത്. 1975-ന് ശേഷം സുധാകരൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണിത്. ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സുധാകരൻ.
ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മിൽ അതൃപ്തി പുകഞ്ഞിരുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. നേരത്തെ, സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല.
ഉദ്ഘാടന സമ്മേളനത്തിൽ നിന്നും പൊതുസമ്മേളനത്തിൽ നിന്നും ജി സുധാകരനെ ഒഴിവാക്കുകയായിരുന്നു. സുധാകരന്റെ വീടിനടുത്തായിരുന്നു പൊതുസമ്മേളന വേദി. ഇതിന് പിന്നാലെ സുധാകരനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു.
ആലപ്പുഴയിൽ ആർ നാസർ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറി; യു പ്രതിഭ എംഎൽഎ ജില്ലാ കമ്മിറ്റിയിൽ
അതേസമയം, യു പ്രതിഭ എംഎൽഎ ഉൾപ്പെടെ നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലാകമ്മറ്റി രൂപീകരിച്ചു. തുടർച്ചയായി മൂന്നാം തവണയും ആർ നാസറിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.ആർ നാസർ അനുകൂലികളായ മൂന്നുപേരുൾപ്പെടെ അഞ്ചുപേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.