പിവി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരായി ആരോപണം വന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഉണ്ടാക്കിയ ആരോപണമാണെന്നും പ്രതി പക്ഷനേതാവ് പറഞ്ഞു. അന്‍വര്‍ ഇന്ന് നടത്തിയ രണ്ട് വെളിപ്പെടുത്തലുകളും പ്രതിപക്ഷം മുന്‍കൂട്ടി പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരായ കെട്ടിച്ചമച്ച ആരോപണം മുഖ്യമന്ത്രിയും ഉപചാപക സംഘവും കൂടി ഉണ്ടാക്കിയതാണെന്ന് ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അന്‍വറിനെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത് സിപിഐഎമ്മിലെ ഉന്നത നേതാക്കളാണ് എന്ന വെളിപ്പെടുത്തല്‍ കൂടി ഇന്ന് നടത്തി. അത് ആദ്യം പറഞ്ഞത് പ്രതിപക്ഷം അല്ലേ? – മന്ത്രിമാരടക്കമുള്ള സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ അന്‍വറിന്റെ പിറകിലുണ്ടെന്ന് താന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ പിണറായി വിജയനെ എതിര്‍ക്കാന്‍ ശക്തിയില്ലാത്ത ആളുകള്‍ അന്‍വറിനെ കരുവാക്കി നിര്‍ത്തി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപചാപക വൃന്ദത്തിനെതിരെയും ആരോപണമുന്നയിക്കുകയായിരുന്നു എന്ന് താന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രണ്ട് കാര്യങ്ങളും അടിവരയിടുന്നതാണ് അന്‍വറിന്റെ ഇന്നത്തെ പത്രസമ്മേളനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയറിയാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഇങ്ങനെയൊരു കാര്യം എംഎല്‍എയെ വിളിച്ച് പറയുമോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
താന്‍ വലിയ പാപ ഭാരങ്ങള്‍ ചുമക്കുന്നയാളെന്നായിരുന്നു അന്‍വറിന്റെ വെളിപ്പെടുത്തല്‍. വി ഡി സതീശന് എതിരായി ആരോപണം ഉന്നയിക്കേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്താവന. പി.ശശി പറഞ്ഞിട്ടാണ് സതീശന് എതിരെ ആരോപണം ഉന്നയിച്ചതെന്ന് അന്‍വര്‍ വെളിപ്പെടുത്തി. എഴുതി ടൈപ്പ് ചെയ്ത് തന്നതാണ് പറഞ്ഞതെന്നും മുഖ്യമന്ത്രിക്കെതിരായ ഒറ്റ തിരിഞ്ഞുള്ള ആക്രമണത്തില്‍ മാനസിക വിഷമം ഉള്ളത് കൊണ്ടാണ് ഉന്നയിക്കാന്‍ തയാറായതെന്നും അര്‍വര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് എഴുതി നല്‍കിയാണ് ഉന്നയിച്ചത്. ശശിയേട്ടാ ശരിയല്ലേ എന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് പറഞ്ഞത്. തന്നെ ഒരു സ്ഥലത്ത് കൊണ്ടുപോയി ലോക്ക് ചെയ്യണമെന്ന് ശശി അന്നേ കരുതിയിരുന്നു. പ്രതിപക്ഷനേതാവിന് ഉണ്ടായ മാനഹാനിയില്‍ മാപ്പ് ചോദിക്കുന്നു. ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു – അന്‍വര്‍ വ്യക്തമാക്കി.
അതേസമയം, അന്‍വര്‍ വിഷയത്തില്‍ പാര്‍ട്ടിയും മുന്നണിയും ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാതില്‍ അടച്ചിട്ടില്ല, ഇപ്പോള്‍ തുറന്നിട്ടുമില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. നിലമ്പൂര്‍ ആര് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. കോണ്‍ഗ്രസിന്റെ സീറ്റാണിത്. വ്യക്തിപരമായ ഒരു കാര്യവും അന്‍വര്‍ കോണ്‍ഗ്രസില്‍ എത്തുന്നതിന്‍ ബാധകമല്ല. നിലമ്പൂര്‍ സ്ഥാനാര്‍ഥിയെ ഞങ്ങള്‍ തീരുമാനിക്കും. വന്‍ ഭൂരിപക്ഷത്തില്‍ യു.ഡി എഫ് സ്ഥാനാര്‍ഥി നിലമ്പൂരില്‍ നിന്ന് വിജയിക്കും – പ്രതിപക്ഷ നേതാവ് വിശദമാക്കി.