Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപത്തനംതിട്ട പീഡനക്കേസ്: കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 43 പേർ

പത്തനംതിട്ട പീഡനക്കേസ്: കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 43 പേർ

പത്തനംതിട്ട: കായികതാരമായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ നാലുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി. കേസിൽ ആകെ 58 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. പെൺകുട്ടിയെ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ചൂഷണത്തിന് ഇരയാക്കിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പീഡന ദൃശ്യങ്ങളും നമ്പരും ഉൾപ്പെടെ പ്രചരിപ്പിച്ചവരാണ് ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയും പിടിയിലായത്.

ഇവരുടെ അറസ്റ്റ് പിന്നാലെ രേഖപ്പെടുത്തുകയായിരുന്നു. നാല് പൊലീസ് സ്റ്റേഷനുകളിലായി 29 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 62 പേർ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി മൊഴി നൽകിയത്. ഇതിൽനിന്ന് ഇരട്ടിപ്പുകളും അവ്യക്തതകളും ഒഴിവാക്കിയാണ് 58 പ്രതികളാണുള്ളതെന്ന് പൊലീസ് കണ്ടെത്തിയത്. ഫോൺ നമ്പരുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ശേഷിക്കുന്നവരെ വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

പ്രതികളിൽ ചിലർ വിദേശത്താണുളളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. 13 -ാം വയസുമുതൽ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. വിശദമായ അന്വേഷനം നടത്തിയ പോലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിൽ ആകെ 43 പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർ കസ്റ്റഡിയിലുണ്ട്.

അതിനിടെ 2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടർന്ന് ഇയാൾ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ കാഴ്ചവെച്ചെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടർ പീഡനം. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയെന്നും പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com