റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി വെച്ചു. വധശിക്ഷ റദ്ദാക്കിയതോടെ മോചനം കാത്തിരിക്കുന്ന റഹീമിന്റെ കേസ് പുതിയ ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. ആറാം തവണയാണ് നിലവിൽ കേസ് മാറ്റി വെക്കുന്നത്.
ഇന്ന് രാവിലെ കേസ് പരിശോധിച്ച ഉടനെ കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. കേസിൽ പഠനം പൂർത്തിയാക്കിയാകും ഇനി തുടർ നടപടികൾ. കഴിഞ്ഞ മാസം കേസ് പരിഗണിച്ചിരുന്നുവെങ്കിലും വാദം പൂർത്തിയായില്ലെന്നാണ് റിയാദ് സഹായ സമിതി അറിയിച്ചിരുന്നത്. ഇന്നത്തെ സിറ്റിങ്ങിൽ ഓൺലൈനായി റഹീമും അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യുസഫ് കാക്കഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
കൊലപാതകവുമായി ബന്ധപ്പെട്ട തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി വിധി വരേണ്ടത്. നിലവിൽ 18 വർഷത്തിലേറെ റഹീം ജയിൽവാസം അനുഭവിച്ചതിനാൽ ഇതൊഴിവാക്കി മോചന ഉത്തരവ് ലഭിക്കുമെന്നാണ് റിയാദിലെ റഹീം നിയമ സഹായ സമിതിയുടെ പ്രതീക്ഷ. അനുകൂല വിധിയുണ്ടായാൽ റഹീമിന് ജാമ്യത്തിലിറങ്ങാം. പ്രോസിക്യൂഷൻ അപ്പീൽ പോയില്ലെങ്കിൽ നാട്ടിലേക്കും മടങ്ങാം. റഹീമിന്റെ മടക്ക യാത്രക്കുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്.