കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് പരിപാടിക്കിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ എന്നിവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. പരിപാടിയ്ക്ക് പങ്കെടുത്തതുപോലും തനിയ്ക്ക് ഓര്‍മയില്ലെന്നും ഡോക്ടര്‍ വീഡിയോ കാണിച്ചുതന്നപ്പോള്‍ ഭയം തോന്നിയെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കവേ ഉമ തോമസ് പറഞ്ഞു. അതിനിടെ ഉമ തോമസ് ഉഷാറായി തിരിച്ചുവരുന്നുവെന്ന് കുടുംബം ഫേസ്ബുക്കിൽ പങ്കുവച്ച് വീഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ആർട്ട് മാഗസിൻ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് ഗുരുതരമായി പരുക്കേൽക്കുന്നത്. സംഘാടകർ ഒരുക്കിയ താൽക്കാലിക വേദിയിലേക്ക് കയറിയ എംഎൽഎ കസേര മാറിയിരിക്കാനായി എഴുന്നേറ്റു നടക്കുമ്പോൾ കാൽതെറ്റി 15 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. താൽക്കാലികവേദി നിർമിച്ചത് അശാസ്‌ത്രീയമായാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസംഘാടകൻ മൃദംഗവിഷൻ എംഡി എം നിഗോഷ് കുമാർ, സിഇഒ എ ഷമീർ, പരിപാടിക്ക് ക്രമീകരണങ്ങൾ ഒരുക്കിയ ഇവന്റ്‌സ് ഇന്ത്യ പ്രൊപ്രൈറ്റർ വാഴക്കാല സ്വദേശി കൃഷ്‌ണകുമാർ, താൽക്കാലിക വേദി തയ്യാറാക്കിയ ബെന്നി, ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് ഉടമയും പൂത്തോൾ സ്വദേശിയുമായ പി എസ് ജനീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.