ടെൽ അവീവ്: മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് പുറത്തുവിട്ട് ഹമാസ്. ബന്ദികളുടെ വിവരങ്ങൾ കൈമാറാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്ന് ഇസ്രായേൽ നിലപാടെടുത്തതോടെയാണ് മൂന്ന് പേരുടെ വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് സ്ത്രീകളുടെ പേരുകളാണിതിലുള്ളത്. റോമി ഗോനെൻ, എമിലി ദമാരി, ഡോറോൺ സ്റ്റെയ്ൻബ്രെച്ചർ എന്നിവരെയാണ് ഹമാസ് മോചിപ്പിക്കുക.
എന്നാൽ കരാർ പ്രകാരം ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിക്കുമെന്നായിരുന്നു ഹമാസ് പറഞ്ഞിരുന്നത്. പകരം 2,000 തടുവകാരെ ഇസ്രായേൽ കൈമാറും. എന്നാൽ ഇപ്പോൾ മൂന്ന് ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസിന്റെ വാഗ്ദാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ ഇസ്രായേൽ നടത്തിയിട്ടില്ല.
അതേസമയം ഹമാസ് പേരുകൾ പുറത്തുവിട്ടതോടെ ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹമാസ്-ഇസ്രായേൽ സംഘർഷം ആരംഭിച്ച് 15 മാസത്തിന് ശേഷമാണ് നടപടി. ഹമാസ് പേരുകൾ പുറത്തുവിടാൻ താമസിച്ചതിനാൽ നിശ്ചയിച്ചതിലും മൂന്ന് മണിക്കൂർ വൈകിയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
ഈ കരാർ താത്കാലികമാണെന്ന് ബെഞ്ചമിൻ നെതന്യാഹു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന വെടിനിർത്തൽ കരാറിനിടെ ഹമാസ് ചട്ടലംഘനം നടത്തിയാൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.