ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണകൂടവുമായി പോരാടുകയാണെന്ന പാരമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. അസമിലെ ഗുവാഹത്തിയിലുള്ള പാന്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മോന്‍ജിത് ചോട്യ എന്നയാളാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരാതിയില്‍ പറയുന്നു. ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് തന്റെ പരാമര്‍ശത്തിലൂടെ നടത്തിയിരിക്കുന്നതെന്നും തിരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുലിനെ കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍വെച്ചായിരുന്നു രാഹുല്‍ പരാതിക്ക് കാരണമായ പരാമര്‍ശം നടത്തിയത്. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മള്‍ ബിജെപിയുമായും ആര്‍എസ്എസുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടുകയാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.