തിരുവനന്തപുരം : കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷാവിധി ഇന്ന്. ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണ് നിർമലകുമാരൻ നായരുടേത്. ഒന്നാംപ്രതിക്കു വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നൽകണമെന്നു പ്രതിഭാഗവും വാദിച്ചിരുന്നു.