Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദുരന്തമുഖത്ത് നടത്തിയ വന്‍കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രം’, സിഎജി റിപ്പോർട്ടിൽ പ്രതികരിച്ച് സതീശൻ; ‘മുഖ്യമന്ത്രിയും ശൈലജയും മറുപടി...

ദുരന്തമുഖത്ത് നടത്തിയ വന്‍കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രം’, സിഎജി റിപ്പോർട്ടിൽ പ്രതികരിച്ച് സതീശൻ; ‘മുഖ്യമന്ത്രിയും ശൈലജയും മറുപടി പറയണം’

തിരുവനന്തപുരം: കൊവിഡ് കാല അഴിമതി സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുറത്തുവന്നത് ദുരന്തമുഖത്ത് നടത്തിയ വന്‍കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രമാണെന്നും തകര്‍ന്നു വീണത് സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ പി ആര്‍ ഇമേജാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് നിയമ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണ സംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി.ആര്‍ ഏജന്‍സികളുടെ പ്രൊപ്പഗന്‍ഡകളിലൂടെ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയത്. ഇന്ന് പുറത്തു വന്ന സി.എ.ജി റിപ്പോര്‍ട്ട് പി.ആര്‍ ഇമേജിനെ തകര്‍ക്കുന്നതാണ്.

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫര്‍മയില്‍ നിന്നും മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ വന്‍അഴിമതി നടന്നിട്ടുണ്ടെന്നതും സി.എ.ജി റിപ്പോര്‍ട്ട് അടിവരയിടുന്നു. മൂന്നു കമ്പനികള്‍ 500 രൂപയില്‍ താഴെ പി.പി.ഇ കിറ്റുകള്‍ നല്‍കിയ അതേ ദിവസമാണ് സാന്‍ ഫാര്‍മയില്‍ നിന്നും 1550 രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നു ഈ കരാറെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനത്തിന് 550 രൂപയ്ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയാണ് 1550 രൂപയ്ക്ക് കരാര്‍ നല്‍കിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. നിയമ വിരുദ്ധമായി സാന്‍ ഫര്‍മയ്ക്ക് 100 % അഡ്വാന്‍സ് നല്‍കിയെന്ന പ്രതിപക്ഷ ആരോപണവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു.

ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് കാരണം കെ.എം.എസ്.സി.എലിന്റെ പിടിപ്പുകേടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 26 സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്നു നല്‍കിയതെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍. 14 വിതരണക്കാരുടെ ഒറ്റ മരുന്നിന്റെ പോലും ഗുണനിലവാരം പരിശോധിച്ചിട്ടില്ലെന്നത് ദുരൂഹമാണെന്ന സി.എ.ജി വിലയിരുത്തല്‍ കെ.എം.എസ്.സി.എല്‍ ഇപ്പോഴും അഴിമതിയുടെ കേന്ദ്രമായി തുടരുന്നു എന്നതിന്റെ തെളിവാണ്. സി.എ.ജി ശരിവച്ചിരിക്കുന്ന ഈ അഴിമതിക്കെതിരെ നല്‍കിയ കേസ് ഇപ്പോഴും ലോകായുക്തയുടെ പരിഗണയിലാണ്. കേസ് നിലനിക്കില്ലെന്ന വാദം ഹൈക്കോടതിയും തള്ളിക്കളഞ്ഞു. പ്രതിപക്ഷത്തിന്റെ നിയമ പോരാട്ടം തുടരും. സര്‍ക്കാരല്ലിത് കൊള്ളക്കാരെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com