Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിയമപരമായി ഇന്ത്യയിലേക്ക് തിരിച്ചുവരാമെന്ന് വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍

വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിയമപരമായി ഇന്ത്യയിലേക്ക് തിരിച്ചുവരാമെന്ന് വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍

ന്യൂഡല്‍ഹി: ട്രംപ് അധികാരമേറ്റതോടെ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്ന് ഉറപ്പായതോടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. യുഎസില്‍ ഉള്‍പ്പെടെ വിദേശത്ത് ‘നിയമവിരുദ്ധമായി’ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ ‘നിയമപരമായ തിരിച്ചുവരവിന്’ ഇന്ത്യ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

യുഎസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ, ‘നിയമവിരുദ്ധമായി ഇവിടെ നമ്മുടെ പൗരന്മാരില്‍ ആരെങ്കിലും ഉണ്ടെങ്കില്‍, അവര്‍ നമ്മുടെ പൗരന്മാരാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍, അവര്‍ക്ക് ഇന്ത്യയിലേക്ക് നിയമാനുസൃതമായ തിരിച്ചുവരവിന് തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് നിര്‍ണായകമായ നിലപാട് വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ അറിയിച്ചത്. മാത്രമല്ല, ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ വ്യക്തമായി അറിയിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.

നിയമവിരുദ്ധ കുടിയേറ്റത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്നും, അത് നല്ലതല്ലെന്നും നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ”ഇന്ത്യന്‍ പ്രതിഭകള്‍ക്കും ഇന്ത്യന്‍ കഴിവുകള്‍ക്കും ആഗോള തലത്തില്‍ പരമാവധി അവസരം ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതേസമയം, നിയമവിരുദ്ധമായ സഞ്ചാരത്തെയും നിയമവിരുദ്ധ കുടിയേറ്റത്തെയും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. കാരണം നിയമവിരുദ്ധമായ എന്തെങ്കിലും സംഭവിക്കുമ്പോള്‍, മറ്റ് നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതില്‍ ചേരുമെന്ന് നിങ്ങള്‍ക്കറിയാം… ഇത് അഭികാമ്യമല്ല. തീര്‍ച്ചയായും ഇത് പ്രശസ്തിക്ക് നല്ലതല്ല…” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയില്‍ യുഎസ് വിസ ലഭിക്കുന്നതിനുള്ള നീണ്ട കാത്തിരിപ്പ് കാലയളവിനെക്കുറിച്ചും വിദേശകാര്യ മന്ത്രി സംസാരിച്ചു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് യുഎസില്‍ എത്തിയതാണ് വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍. പ്രസിഡന്റ് ട്രംപിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു കത്തും അദ്ദേഹം കൊണ്ടുപോയിരുന്നു. ജനുവരി 20 നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com