തിരുവനന്തപുരം : നിയമസഭയിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി,കേരളം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന ആക്ഷേപം മാറിയെന്നും അവകാശപ്പെട്ടു. 2028 ൽ വിഴിഞ്ഞം യാഥാർത്ഥ്യമാകും. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 ൽ ഇടത് സർക്കാർ അധികാരത്തിലേറിയത് മുതലാണ് മാറിത്തുടങ്ങിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം ഇടത് സർക്കാരിന്റെ നേട്ടമാണ്. ഐടി മേഖലയിൽ വൻ നേട്ടമുണ്ടാക്കാൻ സാധിച്ചു. നിലവിൽ സംസ്ഥാനത്ത് ഐ ടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയുണ്ട്. ആരോഗ്യ മേഖലയെ കരിവാരിത്തേക്കാൻ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ശ്രമിച്ചു. യുഡിഎഫ് കാലത്ത് ആരോഗ്യരംഗം തന്നെ വെന്റിലേറ്ററിലായിരുന്നു. സർക്കാർ മേഖലയിൽ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. ആർദ്രം മിഷനിലൂടെ ഇടത് സർക്കാർ അതെല്ലാം മാറ്റിയെടുത്തു.
ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ഹബ്ബായി മാറി. കേരള, എം ജി സർവ്വകലാശാലകൾക്ക് എ++ റാങ്ക് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണശ്രമങ്ങളുണ്ടായി. ഗവർണറെ ഉപയോഗിച്ചായിരുന്നു കേന്ദ്ര നീക്കം. ഈ ശ്രമങ്ങൾക്കെതിരെ സർക്കാർ കോടതിയിൽ പോയി. ആ ഘട്ടങ്ങളിൽ പ്രതിപക്ഷം കൂടെ നിന്നോ എന്ന് ചിന്തിക്കണം. പിൻവാതിൽ നാമനിർദ്ദേശങ്ങൾ വരുമ്പോ അതിൽ പങ്ക് പറ്റാമോ എന്നാണ് കോൺഗ്രസ് ചിന്തിച്ചതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. യുജിസി കരട് മാർഗ്ഗ നിർദ്ദേശങ്ങൾക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കാൻ കഴിഞ്ഞത് നന്നായി. ഒന്നിച്ച് നിൽക്കാൻ അൽപം വൈകുന്നില്ലേ എന്നും ചിന്തിക്കണം. എട്ടു വർഷത്തിനിടെ 8400 കോടി ദുരിതശ്വാസ നിധിയിൽ നിന്ന് കൊടുത്തു.
കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിപിഇ കിറ്റ് അനിവാര്യമായിരുന്നു. അടിയന്തര സാഹചര്യത്തിൽ നിന്നാണ് നടപടികളെടുത്തത്. ആവശ്യത്തിന് അവശ്യ സാധനങ്ങൾ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. എത്രകാലം കൊവിഡ് നിൽക്കുമെന്ന് പോലും പ്രവചിക്കാനാകാത്ത സാഹചര്യം. സങ്കീർണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ട് പോയാൽ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നുവെന്നും പിണറായി മറുപടി നൽകി.
കേരളത്തോടുളള കേന്ദ്രത്തിന്റെ സമീപനം ഉപരോധത്തിന് സമാനമാണ്. ധൂർത്തും കെടുകാര്യസ്ഥതയുമെന്ന് പറഞ്ഞ് പ്രതിപക്ഷം അതിന് വളം വച്ചു. എല്ലാ പ്രതിസന്ധിക്കിടയിലും സാമൂഹ്യ ക്ഷേമ പദ്ധതികൾ സംസ്ഥാനം നടപ്പാക്കുന്നു.