ന്യൂയോർക്ക്: ലോകത്ത് ഏറ്റവും പ്രചാരമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത ചാറ്റ്‌ബോട്ടുകളിൽ ഒന്നായ ചാറ്റ് ജിപിടി സേവനങ്ങൾ തടസപ്പെട്ടു. ഓപ്പൺ എഐയുടെ ചാറ്റ് ബോട്ടിന്റെ സേവനങ്ങൾ തകരാറായെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കളാണ് രംഗത്തെത്തിയത്. ലോകത്താകമാനം ചാറ്റ് ജിപിടിയുടെ സേവനങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട്. നാല് മണി മുതൽ പ്രശ്നങ്ങൾ നേരിട്ട വെബ്സൈറ്റ് ആറ് മണിയോടെ പ്രവർത്തന രഹിതമായി.
ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കൾ പറയുന്നത്. വെബ്‌സൈറ്റും ചാറ്റ് ആപ്പും ആക്‌സസ് ചെയ്യുന്നതിൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു. പ്രോജക്‌റ്റുകൾക്കായി ഓപ്പൺ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനികളെയും തകരാറ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ബാഡ് ഗേറ്റ്വേ എന്നാണ് ചാറ്റ് ജിപിടി ആക്സസ് ചെയ്യുമ്പോൾ ലഭിക്കുന്ന മറുപടി. ചില ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടി ആപ്പ് സാധാരണ പോലെ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സേവനങ്ങൾ തടസപ്പെട്ടതുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എഐയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.