ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന ഊഹാപോഹങ്ങൾക്കിടെ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഡെപ്യൂട്ടി ഡികെ ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ ധാരണയുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സിദ്ധരാമയ്യ വ്യക്തത വരുത്തുന്നത്. പാർട്ടി ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്ത് താൻ അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു
എന്നാൽ, ഇപ്പോഴത്തെ നിലപാട് മാറ്റം കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം മാറുമെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടിയതിന് പിന്നാലെയുണ്ടായ അധികാരത്തർക്കത്തെ തുടർന്നാണ് 50:50 ഫോർമുല ഉണ്ടായതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. തുടർന്നാണ് 30 മാസത്തെ അധികാരം ഫോർമുലക്ക് ധാരണയായത്. ഈ വർഷം അവസാനത്തോടെ സിദ്ധരാമയ്യയുടെ 30 മാസം പൂർത്തിയാകും.
ശിവകുമാറിന് പുറമെ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും മുഖ്യമന്ത്രി സ്ഥാനത്തിന് കണ്ണുവെച്ചിട്ടുണ്ട്. ഇരുനേതാക്കളുടെയും അണികൾ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തിയിരുന്നു. എന്നാൽ, ആത്യന്തികമായി, ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. എസ്‌സി/എസ്‌ടി ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ബിജെപിയുടെ ആരോപണങ്ങൾ സിദ്ധരാമയ്യ തള്ളി. രാഷ്ട്രീയ പ്രേരിത ആരോപണങ്ങൾ മാത്രമാണെന്നും അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.