കർണാടക സർക്കാർ 2019ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖാപിച്ചത് ഈയിടെയാണ്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കിച്ച സുദീപ് ആണ്. അദ്ദേഹത്തിന് അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. എന്നാൽ, ഈ പുരസ്‌കാരം നിരസിച്ചിരിക്കുകയാണ് താരം.
തനിക്ക് പകരം അർഹരായ മറ്റാർക്കെങ്കിലും അവാർഡ് നല്കണമെന്നാണ് അദ്ദേഹം സർക്കാരിനോടും ജൂറിയോടും അഭ്യർത്ഥിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് നടൻ്റെ പ്രതികരണം. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുന്നതാണ്. ഭാവിയിലും ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
സിനിമയ്ക്കുവേണ്ടി ഹൃദയം നൽകിയ അർഹരായ മറ്റ് അഭിനേതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. ഈ പുരസ്കാരം അങ്ങനെ അവർക്ക് നൽകണം. അതുകാണുമ്പോൾ താൻ ഏറെ സന്തോഷിക്കുമെന്ന് അദ്ദേഹം കുറിച്ചു. ജൂറി അംഗങ്ങളോടും സംസ്ഥാന സർക്കാരിനോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ ബഹുമാനിക്കുകയും ഞാൻ തിരഞ്ഞെടുത്ത പാതയിൽ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രവർത്തനത്തെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്ന് സുദീപ് കൂട്ടിച്ചേർത്തു.