ലണ്ടൻ: ശക്തമായ കൊടുക്കാറ്റിൽ ഒന്നായ ഇയോവിൻ കൊടുങ്കാറ്റ് കണക്കിലെടുത്ത് സ്‌കോട്ട്‌ലൻഡിലും അയർലാൻഡിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇയോവിൻ കൊടുങ്കാറ്റ് സ്‌കോട്ട്‌ലാൻഡിലും അയർലാൻഡിലും വൻ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. മണിക്കൂറിൽ 100 മൈൽ വേഗതയിൽ വരെ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുന്നതിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. 4.5 ദശലക്ഷം ആളുകൾക്കാണ് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ മുതൽ റെഡ് അലർട്ട് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അപകടയായ കാലാവസ്ഥയെ തുടർന്ന് ബസ്, ട്രെയിൻ ഗതാഗതവും നിർത്തി വെച്ചിട്ടുണ്ട്. മാത്രമല്ല, സ്‌കോട്ട്‌ലൻഡിലെ ബഹുഭൂരിപക്ഷം സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ കഴിയുന്നതും വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐറീഷ് കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് മുൻനിർത്തി ഡബ്ലിൻ എയർപോർട്ടിൽ നിന്നുള്ള നൂറോളം വിമാന സർവീസുകൾ കാൻസൽ ചെയ്തിട്ടുണ്ട്.