മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നടന്‍റെ വീട്ടിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തിയ വിരലടയാളം പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്. മുംബൈ പൊലീസ് ഫോറൻസിക് സംഘം വീട്ടിൽനിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളാണ് ശാസ്ത്രീയ പരിശോധനകൾക്കായി സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള ഫിംഗര്‍പ്രിന്‍റ് ബ്യൂറോക്ക് അയച്ചുകൊടുത്തത്. ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതിയുടെ വിരലടയാളവുമായി യോജിക്കുന്നില്ല.
റിപ്പോർട്ട് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കി. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ പ്രതിയുടേതല്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചതായും അവര്‍ തുടര്‍ പരിശോധനകള്‍ക്കായി കൂടുതല്‍ വിരലടയാളങ്ങള്‍ അയച്ചുതന്നതായും സി.ഐ.ഡി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പിടിയിലായ ബംഗ്ലാദേശി പൗരന്റെയും സെയ്ഫിന്റെ വീടിനുപുറത്തുള്ള സി.സി.ടി.വി കാമറയിൽ പതിഞ്ഞയാളുടെയും മുഖങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പുവരുത്തുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.
കാമറയിൽ പതിഞ്ഞയാളെയല്ല പൊലീസ് അറസ്റ്റുചെയ്തതെന്ന് പലകോണുകളിൽനിന്നു വിമർശനം ഉയർന്നിരുന്നു. പിടിയിലായ ഷെരിഫിന്‍റെ പിതാവും ഇതേ അഭിപ്രായമുന്നയിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപിച്ചത്. നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറക്കുകയും ചെയ്തിരുന്നു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തിയുടെ ഭാഗം നീക്കം ചെയ്തത്. സംഭവത്തില്‍ ഒന്നിലധികം പ്രതികൾ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞത് ഷെരിഫുൽ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് പിതാവ് പറയുന്നത്.രോഹുൽ അമീന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് ഷെരിഫുൽ. മൂത്തയാൾ ധാക്കയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. ഇളയ മകൻ സ്കൂൾ വിദ്യാർഥിയാണ്. ഖുൽനയിലെ ചണ മില്ലിലെ ജോലിക്കാരനായിരുന്നു അമീൻ. ഈ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ, ഷെരിഫുൾ പത്താംക്ലാസിൽ പഠനം നിർത്തുകയും ജോലി തേടി ഇറങ്ങുകയുമായിരുന്നു. ഷെരിഫുലിന്റെ മോചനത്തിനായി നയതന്ത്ര തലത്തിൽ ഇടപെടാനുള്ള ശ്രമത്തിലാണ് കുടുംബം.