വാഷിങ്ടൺ: അഭയാർഥികളുമായെത്തിയ അമേരിക്കൻ സൈനിക വിമാനത്തിന് ലാൻഡിങ് നിഷേധിച്ച് മെക്സിക്കോ. വിമാനം തങ്ങളുടെ പ്രദേശത്ത് ഇറക്കാൻ മെക്സിക്കോ വിസമ്മതിച്ചതായി എൻബിസി ന്യൂസും റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. സി-17 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനം കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് മെക്സിക്കോയിൽ ഇറങ്ങാൻ ഷെഡ്യൂൾ ചെയ്തിരുന്നതായി രണ്ട് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസ് പറഞ്ഞു.
80 ഓളം കുടിയേറ്റക്കാരുമായി രണ്ട് വിമാനങ്ങൾ വെള്ളിയാഴ്ചയാണ് ഗ്വാട്ടിമാലയിലേക്ക് പുറപ്പെട്ടത്. വിമാനത്തിന് രാജ്യത്ത് ഇറങ്ങാൻ അനുമതി നൽകിയിട്ടില്ലെന്ന് മെക്സിക്കൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാൽ അതിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. മെക്‌സിക്കൻ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലും വിമാനം രാജ്യത്ത് ഇറക്കുന്നതിൽ നിന്ന് വിലക്കിയതിന്റെ കാരണം വിശദീകരിച്ചിട്ടില്ല.