ന്യൂഡൽഹി: 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന. കഴിഞ്ഞ ദിവസം രാത്രി രാമേശ്വരത്ത് മീൻപിടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. മൂന്ന് ട്രോളറുകളും പിടിച്ചെടുത്തു. ഇന്നും ഇന്നലെയുമായാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
അനധികൃത മീൻപിടിത്തം തടയുന്നതിനായുള്ള നാവിക സേനയുടെ സ്ഥിരം പട്രോളിങ്ങിനിടയിൽ വടക്കുകിഴക്കൻ മാന്നാർ ജില്ലയിൽ നിന്നാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തുടർനടപടികൾക്കായി അധികാരികൾക്ക് കൈമാറിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖ ലംഘിച്ചതിന് (ഐഎംബിഎൽ) സച്ചിൻ, ഡെനിയിൽ, റുബിൽഡൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ട് പിടിച്ചെടുത്തതായാണ് രാമനാഥപുരം മത്സ്യവകുപ്പ് പറയുന്നത് .
ശ്രീലങ്കൻ നാവികസേനയുടെ തുടർച്ചയായുള്ള അറസ്റ്റ് നടപടിയെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ അപലപിച്ചു. ശക്തമായ പിഴ ചുമത്താതെ മത്സ്യത്തൊഴിലാളികളെ പുറത്തിറക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തു. പിടിച്ചെടുത്ത ബോട്ടുകൾ ഉടൻ വിട്ടയക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന
RELATED ARTICLES