ഇന്ത്യന്‍ വനിതാ താരവും ഗ്രാന്‍ഡ് മാസ്റ്ററുമായ ആര്‍ വൈശാലിക്ക് ഹസ്തദാനം നല്‍കാന്‍ ഉസ്‌ബെക്കിസ്താന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക്ക് യാകുബ്ബോവ് വിസമ്മതിച്ചതിനെച്ചൊല്ലി വിവാദം. നെതര്‍ലന്‍ഡ്‌സിലെ വിക് ആന്‍ സീയില്‍ നടക്കുന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റിനിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും യാകുബ്ബോവ് വിമർശനങ്ങൾക്കിരയാകുകയും ചെയ്തു. ശേഷം അദ്ദേഹം വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു.
ഹസ്തദാനം നൽകാത്തത് അനാദരവ് ഉദ്ദേശിച്ചിട്ടല്ലെന്നും വൈശാലിയോടും അവരുടെ സഹോദരന്‍ ആര്‍ പ്രഗ്‌നാനന്ദയോടും എല്ലാ ചെസ് താരങ്ങളോടും തനിക്ക് വലിയ ബഹുമാനവുമുണ്ടെന്നും മതപരമായ കാരണങ്ങളാലാണ് കൈകൊടുക്കാതിരുന്നതെന്നും യാകുബ്ബോവ് എക്‌സില്‍ കുറിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് മാനസിക വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും യുകുബ്ബോവ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ് ചെസ് ബോര്‍ഡിനടുത്തേക്കെത്തിയ യാകുബ്ബോവിന് കൈകൊടുക്കാനായി വൈശാലി കൈ നീട്ടിയത്. എന്നാല്‍ താരം ഇത് അവഗണിച്ചു. അതേസമയം മത്സരത്തില്‍ യാകുബ്ബോവ് തോറ്റു. ഇതിന് ശേഷം യാകുബ്ബോവിന് ഹസ്തദാനം നല്‍കാന്‍ വൈശാലി മുതിർന്നതുമില്ല. ഏതായാലും വിശദീകരണവുമായി താരം തന്നെ എത്തിയെങ്കിലും ചർച്ചകൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.