വീണ്ടുമൊരു കേന്ദ്ര ബജറ്റ് (Budget 2025) പടിവാതിലിൽ എത്തിനിൽക്കേ, ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം ചെയ്യുന്നത് ‘വമ്പൻ’ നഷ്ടത്തോടെ. സെൻസെക്സ് (sensex) 76,000നും താഴെയായി. നിഫ്റ്റി (nifty) നിക്ഷേപകരുടെ ‘സൈക്കോളജിക്കൽ ലെവൽ’ (psychological level) ആയ 23,000നും താഴെയെത്തി. നിഫ്റ്റി വൈകാതെ 22,000നും താഴേക്ക് കൂപ്പുകുത്തിയേക്കാമെന്നും അതോടെ മാത്രമേ ‘വാങ്ങൽ പിന്തുണ’യ്ക്ക് (buying support) സാധ്യതയുള്ളൂ എന്നും എംകേ ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ മനീഷ് സൊന്താലിയ അഭിപ്രായപ്പെട്ടു.
നിക്ഷേപകർ ഓഹരി വാങ്ങാനോ വിൽക്കാനോ കണക്കുകൂട്ടുന്ന നിർണായക പോയിന്റുകളാണ് സൈക്കോളജിക്കൽ ലെവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു വലിയകൂട്ടം നിക്ഷേപകരുടെ സംയോജിത ‘നിരീക്ഷണമാണ്’ ഈ പോയിന്റ് കണക്കാക്കുന്നതിന് പിന്നിൽ. കഴിഞ്ഞവാരാന്ത്യത്തിലെ ക്ലോസിങ് പോയിന്റായ 76,190ൽ നിന്ന് നഷ്ടത്തോടെ 75,700ൽ ഇന്ന് വ്യാപാരം ആരംഭിച്ച സെൻസെക്സ് ഇന്നൊരു ഘട്ടത്തിൽ 75,348 വരെ ഇടിഞ്ഞു. നിലവിൽ വ്യാപാരം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോഴുള്ളത് 773 പോയിന്റ് (-1.02%) ഇടിഞ്ഞ് 75,416ൽ. നിഫ്റ്റി 22,490ൽ ആരംഭിച്ച് 22,826 വരെ ഇറങ്ങി. വ്യാപാരം പുരോഗമിക്കുന്നത് 248 പോയിന്റ് (-1.07%) താഴ്ന്ന് 22,844ലാണ്.
സെൻസെക്സിൽ ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, എസ്ബിഐ, മാരുതി സുസുക്കി എന്നിവയാണ് (0.22-1.08%) നേട്ടത്തിലുള്ളത്. ടെക് മഹീന്ദ്ര 4.09%, എച്ച്സിഎൽടെക് 3.56%, സൊമാറ്റോ 3.01%, ഭാരതി എയർടെൽ 2.80% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലാണ്. പവർഗ്രിഡ്, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്സ്, ടിസിഎസ്, സൺ ഫാർമ, ടൈറ്റൻ, ബജാജ് ഫിനാൻസ്, ടാറ്റാ സ്റ്റീൽ, നെസ്‍ലെ എന്നിവ 1-3% താഴ്ന്ന് തൊട്ടുപിന്നാലെയുമുണ്ട്.നിഫ്റ്റി50ലും (nifty50) ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, എച്ച്‍യുഎൽ എന്നിവയാണ് നേട്ടത്തിൽ മുന്നിൽ (0.67-1.20%). ടെക് മഹീന്ദ്ര 4.16% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതാണ്. വിപ്രോ 3.61%, എച്ച്സിഎൽടെക് 3.41%, പവർഗ്രിഡ് 2.97%, ഭാരതി എയർടെൽ 2.94% എന്നിങ്ങനെ താഴ്ന്ന് തൊട്ടടുത്തുണ്ട്.
നിക്ഷേപകസമ്പത്തിൽ നിന്ന് ഇന്നൊരുവേള കൊഴിഞ്ഞുപോയത് 10 ലക്ഷം കോടിയിലേറെ രൂപയാണ്. നിലവിൽ മൂല്യത്തകർച്ച 8.21 ലക്ഷം കോടി രൂപയായി നിജപ്പെട്ടിട്ടുണ്ട്. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം (market cap) കഴിഞ്ഞ വാരാന്ത്യത്തിലെ 419.51 ലക്ഷം കോടി രൂപയിൽ നിന്ന് ഇന്നൊരുഘട്ടത്തിൽ 410 ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ഇപ്പോഴുള്ളത് 410.88 ലക്ഷം കോടി രൂപയിൽ. കഴിഞ്ഞ രണ്ടു പ്രവൃത്തിദിനങ്ങളിലായി മാത്രം നഷ്ടം 13.33 ലക്ഷം കോടി രൂപയാണ്.
ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകർക്കിടയിൽ ആശങ്കകളുണ്ടെന്ന് വ്യക്തമാക്കി, ചാഞ്ചാട്ടത്തിന്റെ സൂചികയായ ഇന്ത്യ വിക്സ് (India VIX) ഇന്ന് 8.15 ശതമാനത്തിലേറെ മുന്നേറി 18.11ൽ എത്തി. ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള വെല്ലുവിളികളാണ് നിക്ഷേപകരെ അലട്ടുന്നത്.