വിവാദമായ വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ സമിതി തള്ളി. ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പതിനാല് നിയമ ഭേദഗതികളോടെയാണ് വഖഫ് ബില്ലിന് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകിയത്.
ഇന്ന് ചേർന്ന യോഗത്തിൽ ബില്ലിനെ 16 പേർ പിന്തുണച്ചു. 10 പ്രതിപക്ഷ എംപിമാർ ബില്ലിനെ എതിർത്തു. ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രതിപക്ഷം കൊണ്ടുവന്ന 44 ഭേദഗതികൾ തള്ളി. നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ബില്ലിന് അംഗീകാരം നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനാധിപത്യത്തിന്റെ കറുത്ത ദിനമമെന്നാണ് പ്രതിപക്ഷം വിമർശിച്ചത്.
വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ അടക്കം നിരവധി മാറ്റങ്ങളാണ് ഭേദഗതി ബിൽ നിർദ്ദേശിക്കുന്നത്. നവംബർ 29നകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യ നിർദ്ദേശമെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം വരെ കാലാവധി നീട്ടി നൽകിയിരുന്നു.