ഗാസ: ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന ആരോപണവുമായി ഹമാസ് രംഗത്ത്. ഗാസ മുനമ്പിന്റെ വടക്കൻ മേഖലയിൽ നിന്ന് പലസ്തീൻ ജനതയെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് ഇസ്രയേൽ തടഞ്ഞതായി ഹമാസ് ആരോപിച്ചു. കരാർ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നും ഹമാസ് പറഞ്ഞു. പതിനായിരക്കണക്കിന് അഭയാർത്ഥികൾ ഗാസ മുനമ്പിലേക്ക് പ്രവേശിക്കാൻ നെത്‌സരിം ഇടനാഴിയിൽ കാത്തിരിക്കുകയാണെന്ന് ഗാസ സിവിൽ പ്രതിരോധ ഏജൻസി വക്താവ് മഹ്മുദ് ബാസ്സലും പ്രതികരിച്ചു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം നാല് ഇസ്രയേൽ വനിതാ സൈനികരെ വിട്ടയച്ചിരുന്നു. പിന്നാലെ ഇസ്രയേൽ 200 പലസ്തീൻ തടവുകാരെയും വിട്ടയച്ചു. എന്നാൽ അർബെൽ യഹൂദ് എന്ന വനിതയും ബന്ദികളാക്കിയവരുടെ കൂട്ടത്തിലുണ്ടെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. അർബെൽ യഹൂദ് ജീവനോടെയുണ്ടെന്നും അവരുടെ മോചനത്തിനാവശ്യമായ എല്ലാ ഉറപ്പും നൽകുന്നുവെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അടുത്ത ആഴ്ച വിട്ടയക്കുന്ന ബന്ദികളുടെ വിവരം ഹമാസ് നൽകിയിട്ടില്ലെന്നും ഇസ്രയേൽ ആരോപിക്കുന്നുണ്ട്.