ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. രണ്ടാം തവണയും അധികാരത്തിലെത്തി ചരിത്രം കുറിച്ച പ്രിയമിത്രത്തിനെ അഭിനന്ദനമറിയിച്ചെന്നു സമൂഹമാധ്യമത്തിൽ മോദി അറിയിച്ചു. ഇന്ത്യയ്ക്കും യുഎസിനും ഒരുപോലെ പ്രയോജനപ്പെടുന്നതും പരസ്പര വിശ്വാസത്തിൽ ഊന്നിയതുമായ ബന്ധം ഊട്ടിയുറപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇരു നേതാക്കളും സംഭാഷണത്തിൽ പറഞ്ഞു.
പുതിയ യുഎസ് പ്രസിഡന്റായി ട്രംപ് കഴിഞ്ഞ 20ന് അധികാരമേറ്റശേഷം മോദിയുമായി നടത്തുന്ന ആദ്യത്തെ സംഭാഷണമാണ്. അതേസമയം, യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കയ്യോടെ പിടികൂടി അവരുടെ രാജ്യത്തേക്കു വിമാനത്തിൽ തിരിച്ചയയ്ക്കുന്ന ഊർജിത നടപടി തുടരുന്നു. തിരിച്ചയയ്ക്കുന്ന കുടിയേറ്റക്കാരെ ഏറ്റെടുക്കില്ലെന്നു പറഞ്ഞിരുന്ന കൊളംബിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയെത്തുടർന്ന് നയം മയപ്പെടുത്തി.
അനധികൃത കുടിയേറ്റക്കാരോട് യുഎസ് മാന്യമായി പെരുമാറുന്നതുവരെ വിമാനങ്ങൾക്ക് അനുമതി നൽകില്ലെന്നാണ് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞിരുന്നത്. എന്നാൽ രാത്രി വൈകി നടത്തിയ മാധ്യമസമ്മേളനത്തിൽ, ചർച്ചകൾ നടന്നെന്നും കൊളംബിയ നിലപാടു മാറ്റിയെന്നും വിദേശകാര്യ മന്ത്രി അറിയിക്കുകയായിരുന്നു.
കോവിഡ് മഹാമാരിക്കാലത്ത് വാക്സീൻ സ്വീകരിക്കാൻ വിസമ്മതിച്ചതിന് ബൈഡൻ ഭരണകൂടം ജോലിയിൽനിന്നു പുറത്താക്കിയ സേനാംഗങ്ങളെ മുഴുവൻ ട്രംപ് ഭരണകൂടം തിരിച്ചെടുക്കും. ഇതു സംബന്ധിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഉടനെയുണ്ടാകുമെന്നു പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അറിയിച്ചു. പുറത്തായപ്പോഴുള്ള റാങ്കിൽത്തന്നെ ജോലിയിൽ തിരിച്ചെടുക്കും. വിട്ടുനിൽക്കേണ്ടിവന്ന കാലത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകും. എന്നാൽ, വാക്സീൻ ചട്ടത്തിന്റെ കാലാവധി കഴിഞ്ഞതായി ബൈഡന്റെ കാലത്തുതന്നെ പെന്റഗൺ പ്രഖ്യാപിച്ചിരുന്നതായി സിഎൻഎൻ ഉൾപ്പെടെ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.